Pages

Wednesday, 17 September 2014

ഞാന്‍

മരണം
കയ്യൊപ്പിട്ട
സ്പന്ദിക്കുന്ന
വെറും
മണ്‍ശില്‍പ്പം
മാത്രമാണ്
ഞാന്‍

മരണം

ഓര്‍മ്മകളുടെ
മുന്നില്‍ വെച്ച്
ഏതോ ചൂതാട്ടക്കാരന്‍
ബാല്യവും
കവര്‍ന്നെടുത്ത്
പടിയിറങ്ങിപ്പോകുന്നതാണ്
മരണം

Sunday, 6 July 2014

പടിയിറക്കങ്ങള്‍.


അച്ഛന്‍ അച്ഛനില്‍ നിന്നും
അമ്മ അമ്മയില്‍ നിന്നും
അവന്‍ അവനില്‍ നിന്നും
അവള്‍ അവളില്‍ നിന്നും
പടികളിറങ്ങുമ്പോള്‍
തെളിഞ്ഞ ജലാശയത്തില്‍
കണ്ടതത്രയും
വലകളായിരുന്നു.
സ്വപ്നം പിച്ചവെപ്പിക്കാന്‍
പഠിപ്പിക്കുന്ന
കുഞ്ഞുമീനുകള്‍ക്ക്
അകപ്പെടാന്‍മാത്രം
പ്രണയത്തിനുംമുമ്പ്
സൌകര്യപ്രദമായ്
അണിയിച്ചൊരുക്കിയ
മീന്‍വലകള്‍.
ഇരയുടെ ഹൃദയം തുരന്ന്‍
കുരുന്നുമീനുകളുടെ
ശ്വാസം നുകരുന്ന
ജീര്‍ണ്ണിച്ച ബന്ധങ്ങളുടെ
സ്വര്‍ണ്ണവലകള്‍.

Saturday, 26 April 2014

പ്രവാസപര്‍വ്വം


ജീവിതം
ഖനനം ചെയ്യുമ്പോള്‍
പ്രവാസിക്ക്
കിട്ടുന്ന
ഇന്ധനമാണ്
അവന്‍റെ
ഓര്‍മ്മകള്‍
അതില്‍നിന്നും
അതിജീവനം
ബാധ്യതകള്‍
സ്വപ്നങ്ങള്‍
ബന്ധങ്ങള്‍
വേര്‍തിരിച്ചെടുക്കുമ്പോഴേക്കും
കാലം
അസ്ഥിനിര്‍ണയം
നടത്തിയിട്ടുണ്ടാവും
ശേഷം,
തലമുറകള്‍
വിഹരിക്കുന്ന
സൗധങ്ങളുടെ
ചിതയില്‍
ഊതിയാല്‍
പ്രവാസിയുടെ
ഹൃദയവും കാണാം.


Saturday, 29 March 2014

പ്രകാശം പരത്തുന്ന പെണ്‍കുട്ടി


നിന്നെ കല്ലെറിയാന്‍ കൂടിയവരില്‍ ഒരാളും
നിന്‍റെ പ്രണയം കുടിച്ചവരില്‍ മറ്റൊരാളുമാണ് ഞാന്‍.
നീ ബൈബിളിലെ മഗ്ദലനയല്ല
ഭൂമിയില്‍ ഇന്നും റാന്തല്‍
കൊളുത്തിവെക്കുന്ന പെണ്‍കുട്ടി.
ആളുകള്‍ക്ക് നീ അഭിസാരികയാണ്
എന്നാലും,
എന്‍റെ ഇളം കണ്ണുകള്‍ക്ക്‌ കടലിന്‍റെ
നീലിമയുണ്ടെന്ന് പറഞ്ഞവള്‍,
അവളില്‍ മോക്ഷം തേടിവരുന്നവര്‍
ഗംഗയില്‍ പോയതായ് അറിവില്ല.
അവള്‍ സ്വപ്നങ്ങളെ വ്യാഖ്യാനിക്കുന്നു
അവള്‍ മരുഭൂമിയിലെ ഉറവകളില്‍
പ്രേമത്തെ വളര്‍ത്തുന്നു,
ദര്‍പ്പണങ്ങളില്‍ നീന്തുന്ന
സ്വര്‍ണ്ണമത്സ്യങ്ങള്‍ക്ക് മുക്കുവന്‍റെ
വല കാണിച്ചുകൊടുക്കുന്നു.
വേട്ടയാടപ്പെട്ട മൃഗത്തിന്‍റെ
മുരളല്‍പോലെ അവളുടെ വാക്കുകള്‍ 
ഭൂമിയില്‍ പരാഗണം നടത്തുന്നു.
ഭോഗനദിയില്‍ മുങ്ങിയവന്‍റെ ഏറ്റുപറച്ചിലില്‍
അവളുടെ ഹൃദയം കുമ്പസാരക്കൂടാവുന്നു.
കൂട് നഷ്ട്ടപ്പെട്ട കിളിക്ക്
അഭയം നല്‍കി ഭോഗിക്കുന്ന
പുരോഹിതന്‍മാര്‍ക്കിടയില്‍
അവള്‍ പുരോഹിതയാകുന്നു.
ദേവാലയം തുറന്ന്
അവള്‍ കുര്‍ബാന അര്‍പ്പിക്കുന്നു,
വീഞ്ഞ് പകര്‍ന്ന്,
പ്രേമത്തിന്‍റെ ബലിയില്‍ പങ്കുചേരുന്നു.
മറയില്ലാത്ത കുമ്പസാരക്കൂട്ടില്‍
പാപങ്ങള്‍ തീര്‍ത്ത നഖക്ഷതങ്ങളില്‍
അവള്‍ ഊതുമ്പോള്‍ സ്വര്‍ഗത്തിലെ
മണികള്‍ മുഴങ്ങുന്നു.
അവളുടെ ശിക്ഷകളില്‍ നക്ഷത്രങ്ങള്‍ ജ്വലിക്കുന്നു.
അവള്‍ മഴയുടെ അവസാനതുള്ളിയിലും പുഞ്ചിരി വിതറുന്നു
അവളുടെ മാറിലെ വെണ്‍പ്രാവുകള്‍ക്ക്
അവന്‍ കൂടൊരുക്കി കാത്തിരിക്കുന്നു.
നിണം പൊടിഞ്ഞ ചുണ്ടുകളില്‍ 
അവള്‍ പ്രേമത്തിന്‍റെ കോവില്‍ തുറക്കുന്നു.
അവളുടെ നഗ്നതയെ വിറ്റവനെ 
കാലം കലാകാരനെന്ന്‍ വാഴ്ത്തുന്നു,
അവളെ പൂജിച്ചവര്‍ പൂജാരികളും
അവളെ ധ്യാനിച്ചവര്‍ പുരോഹിതന്‍മാരുമാവുന്നു.
അവളോ?
കാമനരകളിലകപ്പെട്ട്
സ്വപ്നം പൊഴിക്കുന്ന
മിഴികളില്‍
വേനല്‍ പൂത്ത്,
മരുഭൂമി
തട്ടമിട്ട് വളര്‍ത്തിയ
തടവറയില്‍
സ്വര്‍ണ്ണമത്സ്യമായ്
മണലിനെ 
ചുംബിച്ചു കിടക്കുന്നു.
ഭ്രാന്തമായ് ചുറ്റിപ്പിണയുന്ന
കാറ്റുപോലെ കാമവും .
.................................................................
തെരുവിലെ മദ്യഷാപ്പിന് മുന്നില്‍
അയാള്‍ കൈ നീട്ടുന്നു
സ്വര്‍ഗത്തില്‍ നിന്നും 
വാക്കുകള്‍ പറിച്ച് 
അയാള്‍ക്ക് കൊടുക്കരുത്
അയാള്‍ ആഗ്രഹിക്കുന്നത്
ഒരു തുള്ളി മദ്യം മാത്രം.

Thursday, 20 March 2014

കൊതുക്


അവസാനത്തെ
തുള്ളി രക്തവുമായ്
മൂളി വരുന്ന
കൊതുകിനെ
കൊല്ലരുത്
അതും
ഒരു
പ്രേമഗീതം
പാടുന്നുണ്ട്.

Saturday, 11 January 2014

പ്രണയമുഖം



കൈവെള്ളകളില്‍ തണുപ്പില്ല,മൃദുലവുമല്ല
സ്പന്ദിക്കുന്ന തഴമ്പുകളുണ്ട്.
ബലിഷ്ഠമല്ല ആകാരം
വിയര്‍പ്പ് അണപൊട്ടിയൊഴുകിയിട്ടുണ്ട്.
പാദങ്ങള്‍ പൊട്ടിയിട്ടുണ്ട്
പാദരക്ഷയല്ല-
അന്നമായിരുന്നു രക്ഷ.
കണ്ണുകളില്‍
നീ കണ്‍തുറന്ന് നോക്കിയാല്‍
ഇരമ്പുന്ന കടല്‍ കാണാം,
വിസ്ഫോടനങ്ങളുടെ കടല്‍.
വസന്തമായിരുന്നില്ല,
ഹൃദയത്തില്‍
മരുഭൂമിയെഴുതിയ
ഗ്രീഷ്മമായിരുന്നു
ജീവിതം.
അറിയുക,
എന്‍റെ പക്ഷികള്‍
കൂട് കൂട്ടിയിരുന്നത്
ഉണങ്ങിയ മരങ്ങളിലായിരുന്നു
ചേക്കേറിയതും അതില്‍ തന്നെ.
കത്തുന്ന അതിജീവനത്തിന്‍റെ
പെരുംമഴ 
നനയുന്നവനാണ് ഞാന്‍,
വരുമെങ്കില്‍ 
നിനക്കും ആ മഴ നനയാം
അത് മാത്രമാണ്
നിനക്ക് സ്വന്തം.
...................
........
..........
....
ഇനി വരുന്ന
പ്രഭാതത്തില്‍
ആദ്യമായ്
കണ്‍തുറക്കുന്ന
പക്ഷിക്കുഞ്ഞുങ്ങളെപ്പോലെ
മിഴികള്‍ തുറക്കാം
അത് മാത്രമാണ്
പ്രണയത്തിന് സ്വന്തം.