Pages

Friday, 13 December 2013

കവിയുടെ കുപ്പായം.


പോയകാലത്തില്‍
കവി
ഊരിയിട്ട
കുപ്പായമുണ്ടിവിടെ
ഒരുപക്ഷെ
ചോരക്കറയുണ്ടാവാം,
വിശപ്പിന്‍റെ ഗന്ധമുണ്ടാവാം,
ഓര്‍മ്മകളുടെ
പ്രവാസതീരത്ത്
മനുഷ്യര്‍
ചാര്‍ത്തികൊടുത്ത
മുള്‍കിരീടമുണ്ടാവാം,
ഇനിയും
പിച്ചവെയ്ക്കാത്ത
കുഞ്ഞുപുഞ്ചിരിയുണ്ടാവാം,
കീശയില്‍
മുഷിഞ്ഞ്‌പഴകിയ
സ്വപ്നങ്ങളുണ്ടാവാം,
വാക്കുകളുടെ
വിജനതയില്‍
അലഞ്ഞ
കാല്‍പ്പാദങ്ങളുണ്ടാവാം,
എന്നാല്‍
പിഞ്ചിപ്പോയ കുപ്പായത്തിന്റെ
മങ്ങിയ നിറങ്ങളില്‍
കാണാം
ഗതകാല
ജീവിതത്തിന്‍റെ
കലഹിച്ച മുറിവുകള്‍,
ഇന്നോ?
ചിത
പറപ്പിക്കുന്ന
പട്ടമായ്
കുപ്പായം
ആകാശത്ത്
വട്ടമിട്ട് പറക്കുന്നു.

Tuesday, 12 November 2013

ജയില്‍


ജയില്‍
 പ്രവാസമാണ്.

ഓര്‍മ്മകള്‍ ഇണചേരുന്ന
കറുത്ത അഴികള്‍കൊണ്ട്
വര്‍ഷങ്ങളുടെ മൌനമെഴുതുന്ന
പ്രവാസം.

സ്വന്തം ചോരയുടെ
മണമറിഞ്ഞ്
ഛര്‍ദിക്കുന്ന
പ്രവാസം.


ചുമരുകള്‍
ഗുരുവും
അറകള്‍
പാഠങ്ങളുമാകുന്ന
പ്രവാസം.

ഏകാകികളുടെ
ദ്വീപിലെ
മിന്നലാവുന്ന
പ്രവാസം.

പരാജിതന്‍റെ
കോവിലില്‍
അസ്ഥികള്‍
ദീപം തെളിയിക്കുന്ന
പ്രവാസം.

ഇരതേടിയ
കണ്ണുകള്‍
ആരാച്ചാരുടെ
ഇരയും
കയറിന്‍റെ
ചുംബനവുമാകുന്ന
പ്രവാസം

അബോധത്തിന്‍റെ
ഇരുളറകളിലേക്ക്
ബോധിമരത്തിന്‍റെ
പച്ചിലകള്‍
ചിറകടിച്ചുയരുന്ന
പ്രവാസം.

അച്ഛന്‍
മകളെ 
തിരിച്ചറിയുന്ന
പ്രവാസം.

Tuesday, 5 November 2013

എലി


പഠിപ്പിച്ച
കാലങ്ങളിലൊക്കെയും
പാഠപുസ്തകത്തിലെ
ഇരയായിരുന്നു
എലി
മറുകാലത്ത്
കെണിയിലെയും.
ജീവിക്കാന്‍ വേണ്ടി
പ്രാണന്‍
പകുത്ത് നല്‍കുന്ന
ഏകജന്മം.
ജനനംതൊട്ട്
മരണംവരെ
ഒളിവില്‍ കഴിയേണ്ട
ഒരേ ഒരു
കമ്മ്യൂണിസ്റ്റ്‌.
അന്നും
ഇന്നും
വിപ്ലവം
ഒരു നേരത്തെ
അന്നത്തിന് വേണ്ടി.
പ്രത്യയശാസ്ത്രത്തിന്‍റെ
ചുവന്നവരികളില്‍,
രക്തസാക്ഷികളുടെ
പേരുകളില്‍,
ഓര്‍മ്മകളുടെ
സ്മൃതിമണ്ഡപങ്ങളില്‍
എലിയുടെ
ചരിത്രമില്ല
പകരം
അടിച്ചും
എറിഞ്ഞും
ശ്വാസം മുട്ടിച്ചും
കൊല്ലുമ്പോള്‍
പ്രാണന്‍റെ
പിടച്ചിലുകളിലുണ്ട്
ആരും
കേള്‍ക്കാതെപോകുന്ന
സമരത്തിന്‍റെ
മുദ്രാവാക്യങ്ങള്‍.

Tuesday, 22 October 2013

പ്രകാശം പരത്തുന്ന പ്രണയം.....


മുമ്പൊരിക്കല്‍ 
എങ്ങനെയോ
പ്രകാശം
എന്‍റെ പിറകിലായി,
നിഴലുകള്‍ 
എന്‍റെ മുന്‍പിലും.
അങ്ങനെ ഞാന്‍ ചെയ്യുന്നതൊക്കെ
എന്‍റെ നിഴലുകളും
ചെയ്യുന്നത് കണ്ടു.
പ്രണയം,
നാട്യം,
കാമം,
മദ്യം
വേഷപ്പകര്‍ച്ചകള്‍,
എല്ലാം.
അങ്ങനെ 
ഏകനായ ഞാനും
എന്‍റെ മുന്നില്‍
ആയിരം
നിഴലുകളുമായ്
സമയങ്ങള്‍ സഞ്ചരിച്ചു.
എന്നാല്‍
ഒരു ഭ്രമണം പൂര്‍ത്തിയായപ്പോള്‍
വീണ്ടും പ്രകാശം
മുമ്പിലായ്
അപ്പോള്‍
എന്‍റെ കണ്ണിന്‍റെ
കാഴ്ച്ചശക്തി നഷ്ടപ്പെട്ടു
ഒരു സംവത്സരംകൊണ്ട്
കേള്‍വി,
ഗന്ധം,
ഓര്‍മ്മ,
ചലനം
എല്ലാം
എന്നെ വിട്ടുപോയി.
പകരം സന്ധ്യകളില്‍
മിന്നാമിനുങ്ങുകള്‍
ചേക്കേറുന്ന
ഒരു മരവും
പകലില്‍
ചിതലരിക്കുന്ന
ഒരു മണ്‍പുറ്റുമായ്
ഞാന്‍ മാറി
കാരണം
എന്‍റെ ഹൃദയത്തിന്‍റെ
ഉടമ
മറ്റാരോ ആയിരുന്നു.
തിരകളുടെ ശക്തികൊണ്ടും
പാര്‍വണങ്ങളുടെ പ്രഭകൊണ്ടും
ആത്മാവില്‍
ഉറവതീര്‍ത്ത്
മണ്‍ശിലയില്‍
പ്രണയത്തിന്‍റെ
നുറുങ്ങുപ്രകാശം
കടത്തിവിട്ട
മറ്റൊരുവള്‍.
ഹൃദയത്തിന്‍റെ
ചുവന്ന 
പാടങ്ങളില്‍
സ്പന്ദനങ്ങളുടെ
കാവല്‍ക്കാരിയായ
ഉടമ.

Wednesday, 7 August 2013

മനുഷ്യനെ കണ്ടു.


കാടിറങ്ങി
മലയിറങ്ങി
ചുരമിറങ്ങി
പുഴകള്‍ താണ്ടി
വാക്കുകള്‍ 
വന്നു.
തഴമ്പ് കണ്ട്
കറുപ്പ് കണ്ട്
വിയര്‍പ്പ് കണ്ട്
ചോര കണ്ട്
വിലാപം കണ്ട്
അനുഭവം 
വന്നു.
ഹൃദയം കണ്ട്
പ്രണയം കണ്ട്
ദേശം കണ്ട്
മനുഷ്യനെ കണ്ട്
കവിതകള്‍ 
ജ്വലിച്ചു.

Thursday, 1 August 2013

ഒരു മരമാകാന്‍


ഒരു മരമാകാന്‍
വിത്തിനെപ്പോലെ ചിന്തിക്കണം
വിത്താകാന്‍ 
പൂവിനെപ്പോലെ ചിരിക്കണം
പൂവിനെപ്പോലെ 
ചിരിക്കാന്‍
കാറ്റിനെപ്പോലെ സഞ്ചരിക്കണം
കാറ്റിനെപ്പോലെ 
സഞ്ചരിക്കാന്‍
കാര്‍മേഘമാകണം
കാര്‍മേഘമായാല്‍
 മഴയായ്‌ പെയ്യാം
മഴപെയ്താല്‍
വിത്തുകള്‍ ചിന്തിക്കും

Tuesday, 30 July 2013

നാസ്തികമായ വെടികള്‍....


ഒരിക്കല്‍
നാസ്തികനായ
കവി
ഇങ്ങനെ പറഞ്ഞു.
മരണശേഷം 
പൊട്ടുന്ന വെടികള്‍ക്ക്
ഞാനുമായ് ഒരു ബന്ധവും
ഉണ്ടായിരിക്കുന്നതല്ല,
ജീവിച്ചിരിക്കുന്നവരുമായ്
എന്തെങ്കിലും 
ബന്ധമുണ്ടെങ്കില്‍
അത്
പാഴായ 
അനേകം വെടികളില്‍
ഒന്നാണ്.

Friday, 31 May 2013

റബറ് വെട്ട്......


ആദ്യം
പന്ത്രണ്ട് വര്‍ഷമായിരുന്നു
വെട്ടുകത്തിക്ക് മൂര്‍ച്ചകൂട്ടി കാത്തിരുന്നത്.
പുരോ-ഗമനം വന്നതോടെ
ആറായി
മൂന്നായ്‌
ഒന്നായ്
ഒന്‍പതു മാസമാകുന്നതിനും മുന്‍പേ
കത്തിവെക്കുമ്പോള്‍
റബര്‍തൈ 
ഋതുവറിയാതെ ചുരത്തുന്നു.
രാത്രികളില്‍
വെളുത്ത ബലൂണുകള്‍
കോമരം തുള്ളുമ്പോഴും
പൊട്ടുമ്പോഴും
ഇരുട്ട് വിഴുങ്ങിയ 
ചോരകളില്‍
സഹോദരന്റെ മണവും,
ബീജങ്ങളില്‍
പിതൃത്വത്തിന്റെ പുളിയും.
ആധുനികത വന്നതോടെ
പരസ്പരം കത്തികള്‍
കൈമാറി വെട്ടുന്നു.
വെട്ടുന്നതിനിടയില്‍ കത്തിക്ക്
ഒടിവോ,ചതവോ സംഭവിച്ചാല്‍
ഉത്തരാധുനികതയുടെ മരുന്നും 
വിപണിയില്‍ ഉണ്ട്.
ഇനിയും ആഗതമാകാത്ത
പുലരിയും കാത്ത്
ആയിരം തൈകള്‍ക്കിടയില്‍ നിന്ന്
ഒരു റബര്‍തൈ
അറിവില്ലാതെ ചോദിച്ചു!
പുലര്‍മഞ്ഞിനെ പ്രണയിച്ച്‌
ഋതുവാകുന്ന ദിനത്തില്‍
നിന്റെ കത്തിക്കായ്‌
കാത്തുനില്‍ക്കുന്ന
എന്റെ ദിവസങ്ങളെവിടെ???
.........................................

Saturday, 18 May 2013

നായ്ക്കള്‍....


പരിണാമത്തില്‍ സ്വത്വം
നഷ്ടപ്പെട്ട ഒരു തലമുറ
പ്രണയത്തിന്റെ വേഷഭൂഷാദികള്‍
അണിഞ്ഞു നടക്കവേ,
ദൈവത്തിന്റെ ആറാം ദിവസത്തെ
തെറിപറഞ്ഞു
സ്വയം വിരാജിക്കുന്ന
പുതിയ ഏദന്‍ തോട്ടത്തിലേക്ക്
ആദം മൊബൈല്‍ ഫോണായും
ഹവ്വ ഇന്റെര്‍നെറ്റായും
പിന്നെയും മുഴമെറിയവെ,
ഒരിക്കല്‍ നഷ്ടപ്പെടുത്തിയ
കനിക്കുവേണ്ടി
ഓണ്‍ലൈനില്‍ അലയുന്ന
ജനതയെ കാണവേ,
പുതിയ കൊള്ളിമീനുകളുടെ
പ്രഭയില്‍
തമോഗര്‍ത്തങ്ങളാകുന്ന
പ്രണയങ്ങളെ കണ്ടുമുട്ടവേ,
പരാഗണത്തിന്റെ ആദ്യ പൂമ്പൊടിയിലും
കാമത്തിന്റെ കാറ്റൂതുന്ന അധരങ്ങളെ
അറിയവെ,
എന്റെ
 നായ്ക്കള്‍ 
ഉച്ചത്തില്‍ കുരയുക്കുന്നു,
ഓരിയിടുന്നു,
മലകളുടെ ഓരങ്ങളില്‍ 
അവ മുഴങ്ങിയും
വരികളില്‍ ഉറങ്ങിയും
 അവസാനിക്കുന്നു.
..................................

Monday, 4 March 2013

ഉള്‍വനങ്ങളില്‍....


നിഴലുകള്‍ കണ്ണെഴുതുന്ന രാത്രിയിലോ
ശിഖിരങ്ങളില്‍ പടരുന്ന തണുപ്പിലോ
ഇനിയും നഷ്ടപ്പെടുത്താന്‍ കഴിയാത്ത
വാക്കുകള്‍ക്കായ്‌
മൌനങ്ങളുടെ ഉള്‍വനത്തില്‍
പ്രണയം 
ഇന്നും കാത്തിരിപ്പുണ്ട്‌..

Monday, 18 February 2013

കൊലയുഗം!



‘ഹൃദയം പൊട്ടിയൊഴുകുമീ-
സന്ധ്യയിലൊരു ചരമഗാനമായ് മാറും-
ഞാനീ ചൂഴ്ന്നെടുക്കും തലമുറക്കൈകളാല്‍
പിണയാതെ പിണയും വൈരിതന്‍രൂപമീ-
കാണാക്കാഴ്ച്ചയില്‍ മനംനൊന്തിടുമ്പോള്‍-
ഒരു ശില്‍പ്പമായ് കണ്ണടയ്ക്കാം-
വീണ്ടും കാണാതിരിക്കാനായീ-
കൊലയുഗത്തില്‍’

Friday, 18 January 2013

ആത്മാക്കളുടെ തീര്‍ത്ഥാടനം.....



ഇനിയും മരിക്കാത്ത
സത്രങ്ങളാണ് കടലുകള്‍
ഓളങ്ങള്‍ ദൂതുകളും.
തിരിച്ചറിയാനാവാത്തവിധം 
വെന്തുമരിച്ച
മനുഷ്യബന്ധങ്ങള്‍ക്ക്
ആ സത്രമാണ് അഭയം.
ചിതകൊളുത്തിയ മാതൃവൃക്ഷവും
കെടുത്തിയ ചെറുനാളങ്ങളും
കല്ലിട്ടുമൂടിയ ഉറവകളും
ഈ സത്രത്തിന്റെ അടിവേരുകളാണ്‌.
ആഴങ്ങളുടെ നീലിമയില്‍
അവ വീണ്ടും 
പൂക്കുന്നതും പടരുന്നതും
ഈ സത്രത്തിന്റെ വിലാസത്തിലാണ്.
ചിലപ്പോഴൊക്കെ ആ വിലാസത്തില്‍
കടലുകള്‍ ഗര്‍ഭംധരിച്ചു
സുനാമികളെ പ്രസവിക്കാറുണ്ട്.
കടല്‍ അതിനെ 
ആത്മാക്കളുടെ തീര്‍ത്ഥാടനം എന്ന് വിളിക്കുന്നു
നിങ്ങള്‍ സുനാമിയെന്നും.

Friday, 11 January 2013

മണ്‍കൂട്.....


ചില രാത്രികളില്‍
ഞാനെന്‍റെ  മണ്‍കൂട് തുറന്ന്
ഗസലിന്‍റെ ഗന്ധവുമായ്
നിന്‍റെ നിദ്രയില്‍ 
അഭയം തേടാറുണ്ട്.

Friday, 4 January 2013

ഓര്‍മ്മകളുടെ പിന്‍വിളികള്‍.



പ്രവാസത്തിന്റെ മര്‍മ്മരങ്ങളില്‍
ചോരവാര്‍ന്ന്‍ കിടന്ന
അവന്റെ ആത്മാവ്
ഒരു പൊടിക്കാറ്റുപോലെ
വീണ്ടും എന്നെ ചുഴറ്റിയെത്തുന്നത്
അവന്‍ മണലില്‍ വരച്ചിട്ട-
ചിത്രങ്ങളായിട്ടായിരുന്നു.
ചൂടിലും ശൈത്യത്തിലും
വിരലുകള്‍ മുക്കി
അവന്‍ വരച്ചിട്ട ചിത്രങ്ങള്‍ക്ക്
 സ്വസ്ഥമാവാന്‍
ചുമരുകള്‍ ഇല്ലായിരുന്നു.
പ്രദര്‍ശന വേദികളില്ലായിരുന്നു.
ശ്വാസപിടച്ചിലുകളുടെ വഴികളില്‍
അവന്റെ ചിരികള്‍ മയങ്ങിക്കിടപ്പുണ്ട്.
മരുഭൂമിയുടെ ദാഹത്തില്‍-
ഇനിയൊരിക്കലും കാണാത്ത-
അവന്റെ അസ്ഥികൂടവും പൊതിഞ്ഞു
ഒരു മണല്‍ക്കൂന ഇന്നും ഇവിടെയുണ്ട്
അവന്റെ വിയര്‍പ്പു കുടിച്ചു വറ്റിച്ച-
മരുഭൂമിയില്‍ ഇന്നും
ആ മര്‍മ്മരങ്ങളുണ്ട്
ഇന്നും ആ മണ്‍വിളികളുണ്ട്.