Pages

Thursday, 28 April 2016

ഏകാന്തമീപ്രണയം


ഏകാന്തതയാണ്
മിഴിവാര്‍ന്ന പ്രണയം.
അകലങ്ങളിലെവിടെയോ
ആരുമറിയാതെ
രണ്ടു മഴതുള്ളികള്‍ക്കിടയില്‍
മാരുതന്‍ ചിറകുവിരിക്കുന്നതുപോലെ,
വിഷാദത്തിനും മൌനത്തിനുമിടയില്‍
പ്രശാന്തമല്ലാത്ത
ഒരു രാഗം
ജനിക്കുന്നതുപോലെ,
ആഴങ്ങളില്‍ നീലിമയായ്
പരിണമിക്കുന്ന
ചൂണ്ടയ്ക്ക്
കൊളുത്താന്‍
നിന്‍റെ മിഴികള്‍
പാകപ്പെടുന്നതുപോലെ,
മുള്‍പ്പടര്‍പ്പില്‍
വീണ പക്ഷിക്കുഞ്ഞ്
ആദ്യമായ് പറന്നത്
മരണത്തിലേക്കെന്നറിയാതെ
മുള്‍മുനകളെ
നെഞ്ചോടുചേര്‍ത്ത്
കണ്ണടയ്ക്കുന്നതുപോലെ
ഏകാന്തമീപ്രണയം.

Thursday, 14 April 2016

കൂട്ടുകാരന്‍


നിഷ്കളങ്കമായ്  
നീ പങ്കുവെച്ച 
ബാല്യത്തിലേക്ക്,
സങ്കടങ്ങളിലേക്ക്‌
ഞാനെത്രപൂക്കള്‍ 
പൊഴിച്ചിരുന്നു കൂട്ടുകാരാ!.
ഇന്നുനിന്‍ചിതയ്ക്കായ്
ഞാന്‍ മുറിക്കപ്പെടുമ്പോള്‍
ഇനിയെങ്ങെനെ 
നിന്‍തലമുറകള്‍ക്കായ്
പൂക്കള്‍ പൊഴിക്കും 
കൂട്ടുകാരാ?.
                                      
                           എന്ന് നിന്‍റെ സ്വന്തം _മരം.
                                           എഴുതിയത്_തണല്‍.

Thursday, 7 April 2016

വഴിവിളക്ക്...


ഉപ്പിന്‍റെ രുചിയിലൊരുകടലാകാം
ഉപ്പ്കാറ്റേല്‍ക്കാത്ത മീനുകളെപ്പോലെ,
ഓടയില്‍ മുളയ്ക്കുന്ന തളിരുകളാകാം
വേരുകളറിയാത്ത പകലുകളെപ്പോലെ,
മരണം ഭയക്കും പ്രണയങ്ങളാകാം
ദേഹം വെറുക്കാത്ത വിയര്‍പ്പുകളെപ്പോലെ,
വരികള്‍ക്കിടയിലെ വാക്കുകളാകാം
വായനയറിയാത്ത വസന്തത്തെപ്പോലെ,
ഇരുളിന്‍റെ മാറിലെ ഈണമാകാം
വെടിയൊച്ച കേള്‍ക്കാത്ത കാടിനെപ്പോലെ,
വേനലില്‍ പൂക്കുന്ന വേദനയാകാം
ഉടലുകളറിയാത്ത തണുപ്പിനെപ്പോലെ,
മിഴിനീര് പൊതിയാത്ത ബാല്യമാകാം
അവിഹിതം പേറാത്ത മരങ്ങളെപ്പോലെ.
ഉറവയിലുണരും പ്രേമകണമാകാം
സാഗരത്തിലൊതുങ്ങാത്ത മഴത്തുള്ളിപോലെ,
ഗുരുവിന്‍റെ തീര്‍ത്ഥത്തിലെ പടികളാകാം
വഴിവിളക്കില്‍ തെളിയുന്ന പ്രകാശംപോലെ.

Sunday, 3 April 2016

ദൈവം


മരം പറഞ്ഞപോലെ!
കരുണയില്ലാത്തവനായ  ശില്‍പ്പി-
സ്വത്വത്തിന് മുറിവേല്‍പ്പിച്ച്
ജീവനുള്ള എന്‍റെ ഹൃദയം തൊരന്നാണ്
നിങ്ങള്‍ ആരാധിക്കുന്ന
ജീവനില്ലാത്ത ദൈവത്തെ മെനഞ്ഞത്.

Wednesday, 30 March 2016

മരം


പുനര്‍ജ്ജന്മത്തില്‍
ഒരു മരമായ്‌
ജനിക്കണം,
ഭൂമിയുടെ ഹൃദയത്തിലേക്ക്
പ്രണയത്തിന്‍റെ
വേരുകളാഴ്ത്തി,
പക്ഷികള്‍ ചേക്കേറി-
കൂട് വെച്ച്
തണലേകി
പ്രാണന്‍ പകര്‍ന്ന്
കാറ്റിന്‍റെ താളത്തില്‍ ലയിച്ച്
പൂക്കളായും,
കായ്ക്കളായും
നിന്നെ തലോടി,
കണ്ണുകള്‍ക്ക്‌മുന്നില്‍
ശില്‍പ്പമായും,
അലങ്കാരങ്ങളായും രൂപാന്തരം പ്രാപിച്ച്
ഒടുവില്‍
ചിതയ്ക്ക് കാവലായ്‌
കത്തിപ്പടര്‍ന്ന്‍
ചാരമായ്
മണ്ണിലേക്ക്
പടര്‍ന്നിറങ്ങുന്ന
ഒരു കൊച്ചുമരം.

Thursday, 11 February 2016

പ്രണയം


പ്രണയം,
പ്രകാശനം
ചെയ്തുപോയ
പുസ്തകം മാത്രം,
ഇനി തിരുത്തലുകള്‍ സാധ്യമല്ല
നമ്മുക്ക്
വീണ്ടും വീണ്ടും
വായിക്കാം
ചിലപ്പോള്‍,
നാം അറിയാതെപോയ
വരികള്‍
ഓര്‍മ്മകളുടെ
നടവഴികളില്‍
ദീപവും തെളിയിച്ച്
നില്‍കുന്നുണ്ടാവും.

Tuesday, 12 January 2016

വെണ്‍ശംഖ്.



ഞാന്‍,
ഓര്‍മ്മകളുടെ വേട്ടക്കാരന്‍ മാത്രം,
ഇനിയൊരു-
ഭൂതകാലമാകാന്‍ കഴിയില്ല,
സ്പന്ദനങ്ങളുടെ തീരത്തെ-
ശംഖാവണം,
എന്നും
 ഇരമ്പല്‍ ശ്രവിച്ച്,
കടലിനെ ചുംബിച്ചുകിടക്കുന്ന
ഒരു വെണ്‍ശംഖ്‌