ഉപ്പിന്‍റെ
രുചിയിലൊരുകടലാകാം
ഉപ്പ്കാറ്റേല്‍ക്കാത്ത
മീനുകളെപ്പോലെ,
ഓടയില്‍
മുളയ്ക്കുന്ന തളിരുകളാകാം
വേരുകളറിയാത്ത പകലുകളെപ്പോലെ,
മരണം ഭയക്കും
പ്രണയങ്ങളാകാം
ദേഹം വെറുക്കാത്ത
വിയര്‍പ്പുകളെപ്പോലെ,
വരികള്‍ക്കിടയിലെ
വാക്കുകളാകാം
വായനയറിയാത്ത
വസന്തത്തെപ്പോലെ,
ഇരുളിന്‍റെ മാറിലെ ഈണമാകാം
വെടിയൊച്ച കേള്‍ക്കാത്ത
കാടിനെപ്പോലെ,
വേനലില്‍
പൂക്കുന്ന വേദനയാകാം
ഉടലുകളറിയാത്ത തണുപ്പിനെപ്പോലെ,
മിഴിനീര്
പൊതിയാത്ത ബാല്യമാകാം
അവിഹിതം പേറാത്ത
മരങ്ങളെപ്പോലെ.
ഉറവയിലുണരും
പ്രേമകണമാകാം
സാഗരത്തിലൊതുങ്ങാത്ത
മഴത്തുള്ളിപോലെ,
ഗുരുവിന്‍റെ തീര്‍ത്ഥത്തിലെ
പടികളാകാം
വഴിവിളക്കില്‍
തെളിയുന്ന പ്രകാശംപോലെ.
No comments:
Post a Comment