Pages

Friday 29 April 2016

അമ്മ


സ്വപ്നങ്ങള്‍ക്ക്
നിലാവിന്‍റെ പ്രഭയും
ഭൂമിയുടെ നന്മയും
വേണമെന്ന് പറഞ്ഞ്
അമ്മ യാത്രയായ്,
ആ മിഴിയനക്കങ്ങള്‍
ഇനിയില്ല,
അമ്മ പറഞ്ഞപോലെ
ഇനി എനിക്ക് സ്വസ്ഥമായി
ഉറങ്ങണം!.
നഷ്ടപ്പെട്ട എല്ലാ-
ഉറക്കങ്ങളും കൂട്ടിവെച്ച്
അമ്മ ഉറങ്ങുവാണ്
എന്നന്നേക്കുമായ്.
ഇനി ഏത് ജന്മം
ആ അമ്മയുടെ മകനായ്
ജനിക്കും?
പട്ടിണിയിലും
ദുരിതത്തിലും
പീഡനങ്ങള്‍ക്കുമിടയില്‍
ഗര്‍ഭപാത്രത്തിലെ
കുഞ്ഞുവിരലനക്കത്തിന്
ഒരു പിടി വറ്റ് കണ്ടെത്തിയവള്‍,
ഒന്‍പതുമാസവും ഉറക്കത്തിലായ
പുതുജീവനോട്‌
പുറത്തെ വെളിച്ചത്തിന്‍റെ
കഥ പറഞ്ഞവള്‍,
ബീജം നിക്ഷേപിച്ചവന്‍
ഒരു രാവില്‍
പടിയിറങ്ങിയപ്പോള്‍
ഒരു കത്രികയ്ക്കും 
പിടികൊടുക്കാതെ
ഇളംകൈകളെ
നെഞ്ചോട് ചേര്‍ത്തവള്‍,
ഇളംചുണ്ടിലെ
ഓരോ ഉമ്മകള്‍ക്കും
പേരുകളിട്ട്
വാരികോരി കൊടുക്കാന്‍
പടിപ്പിച്ചവള്‍,
കീറിയ ട്രൌസറില്‍
നീല നൂലുകള്‍കൊണ്ട്
അണകെട്ടി
കൂട്ടുകാരുടെ 
ചിരിയെ തടഞ്ഞവള്‍,
പെയ്യാന്‍പോകുന്ന
പേമാരിയെയും
വീശിയടിക്കാന്‍ പോകുന്ന
കാറ്റിനെയും
രണ്ടുനാഴിക മുന്നേയറിഞ്ഞ്
കളികളുടെ തിമിര്‍പ്പിനിടയില്‍
കുഞ്ഞുവടിയുമായ്
ഇറ്റിറ്റുവീഴുന്ന കണ്ണീരിനെ ഒപ്പി-
വീട്ടിലേക്ക്
കൂട്ടികൊണ്ടുപോയവള്‍,
ദൂരദേശത്തേക്ക് 
പോയപ്പോള്‍
ചിന്തകളുടെ ഗര്‍ഭപാത്രത്തില്‍
ഓര്‍മ്മകളായും
പ്രാര്‍ത്ഥനകളായും
വീണ്ടും ഗര്‍ഭംപേറിയവള്‍,
മൂത്തുവെന്ന്‍ തോന്നിയപ്പോള്‍
കൊത്തിയോടിക്കാതെ
സ്വാര്‍ത്ഥമായി
ചിറകിനടിയില്‍
ഒളിപ്പിക്കാന്‍ ശ്രമിച്ചവള്‍,
നിറങ്ങളെല്ലാം ഒലിച്ചിറങ്ങി
വെറും അസ്ഥികൂടമായ്
തിരിച്ചെത്തിയപ്പോള്‍
ഒരിക്കലും അസ്തമിക്കാത്ത
തണലായ്‌
മാറോടുചേര്‍ത്ത്,
വിതുമ്പലായ് 
നെറുകയില്‍ ചുംബിച്ചവള്‍,
ഒടുവിലീ കല്ലറയില്‍
ഒറ്റക്കാകുമ്പോള്‍
അവശേഷിക്കുന്നു
ഒരമ്മതന്‍ പ്രണയം,
........................
ഇനിയെങ്ങനെ നുണയും
വറ്റാത്തനിന്‍സ്നേഹമീ-
ഭൂമിയില്‍-
നെഞ്ചിലേക്ക് 
കത്തിപ്പടരുമാണമ്മെ
നിന്നസാനിധ്യനൊമ്പരമീ-
യോരോവേളയിലും.

1 comment: