Pages

Monday 21 December 2015

സുഷുപ്തി



ഇരുട്ടണയുമ്പോള്‍
മത്സരിച്ച് പറക്കുന്ന
ഈയാംപാറ്റകളെപ്പോലെ
എനിക്കൊരു യാത്ര പോകണം
നിശബ്ദതകള്‍ക്കിടയില്‍
ചിറകുകള്‍വിരിച്ച്
ശരത്കാലത്തെ മുറിവേല്‍പ്പിക്കുന്ന
ഗ്രീഷ്മത്തെപ്പോലെ,
വിയര്‍പ്പില്‍വീണ
ചോരതുള്ളികള്‍പോലെ.
ജന്മാന്തരത്തിന്‍റെ ആകസ്മികതകളിലേക്ക്
കൈകള്‍ മലര്‍ക്കെ തുറന്ന്,
പാദങ്ങളില്‍ ക്ഷതമേല്‍പ്പിച്ച്
ഒരു യാത്ര.
വഴിയവസാനിക്കും എന്നറിഞ്ഞിട്ടും
നീയെന്ന ദേശത്തേക്ക്
ഋതുഭേദങ്ങളിലൂടെ
അരാജകത്വത്തിന്‍റെ
അപ്പക്കഷണങ്ങള്‍ നുണഞ്ഞ്
വിവസ്ത്രനായ്
ഒറ്റയ്ക്കൊരു യാത്ര.
കാറ്റും,മഴയും,
പകലുകളും
എന്‍റെ പ്രണയം
പങ്കിട്ടെടുത്തു.
ഓര്‍മ്മകളും സ്വപ്നങ്ങളും-
ചൂതാടിയ തെരുവില്‍,
ആരോടെന്നില്ലാതെ മുഖം കുനിച്ച്-
പ്രണയം പടിയിറങ്ങി,
കൂട്ടിയിട്ട എച്ചിലുകള്‍ക്കിടയില്‍
പ്രണയം അതിന്‍റെ സ്വത്വം തിരയുമ്പോള്‍,
സിരകളില്‍ നിന്നും സിരകളിലേക്ക്
കൊടുംശൈത്യം
പതിയെ പടരുമ്പോള്‍,
പൌര്‍ണ്ണമിയുടെ ദിവസത്തില്‍
കടല്‍ എന്നെ ചുംബിക്കുമ്പോള്‍,
അനാദിയില്‍ കേട്ടുണര്‍ന്ന
ഒരു മുഴക്കത്തിന്‍റെ ആലസ്യത്തില്‍
ഗര്‍ഭംധരിക്കാന്‍വേണ്ടി മാത്രം-
ഒരു യാത്ര.
ഓ മരണമേ!
കഴിയുമെങ്കില്‍
ജന്മം മുഴുവന്‍
അമ്മയുടെ ഉദരത്തില്‍ നിക്ഷേപിക്കുക.
വിരലിലെ മുലപ്പാല്‍ നുണഞ്ഞ്
സുഷുപ്തിയിലാണ്ട്
മാതൃത്വത്തിലേക്ക് തുഴഞ്ഞ്
ഒരു ശ്വാസമായ്
ഒരു കണികയായ്
ഞാനാ യാത്ര പൂര്‍ത്തിയാക്കട്ടെ.

2 comments:

  1. ഏറ്റം സുരക്ഷിതമായോരിടം

    ReplyDelete
  2. thanks for commenting,,ajithettaa

    ReplyDelete