Pages

Saturday, 29 March 2014

പ്രകാശം പരത്തുന്ന പെണ്‍കുട്ടി


നിന്നെ കല്ലെറിയാന്‍ കൂടിയവരില്‍ ഒരാളും
നിന്‍റെ പ്രണയം കുടിച്ചവരില്‍ മറ്റൊരാളുമാണ് ഞാന്‍.
നീ ബൈബിളിലെ മഗ്ദലനയല്ല
ഭൂമിയില്‍ ഇന്നും റാന്തല്‍
കൊളുത്തിവെക്കുന്ന പെണ്‍കുട്ടി.
ആളുകള്‍ക്ക് നീ അഭിസാരികയാണ്
എന്നാലും,
എന്‍റെ ഇളം കണ്ണുകള്‍ക്ക്‌ കടലിന്‍റെ
നീലിമയുണ്ടെന്ന് പറഞ്ഞവള്‍,
അവളില്‍ മോക്ഷം തേടിവരുന്നവര്‍
ഗംഗയില്‍ പോയതായ് അറിവില്ല.
അവള്‍ സ്വപ്നങ്ങളെ വ്യാഖ്യാനിക്കുന്നു
അവള്‍ മരുഭൂമിയിലെ ഉറവകളില്‍
പ്രേമത്തെ വളര്‍ത്തുന്നു,
ദര്‍പ്പണങ്ങളില്‍ നീന്തുന്ന
സ്വര്‍ണ്ണമത്സ്യങ്ങള്‍ക്ക് മുക്കുവന്‍റെ
വല കാണിച്ചുകൊടുക്കുന്നു.
വേട്ടയാടപ്പെട്ട മൃഗത്തിന്‍റെ
മുരളല്‍പോലെ അവളുടെ വാക്കുകള്‍ 
ഭൂമിയില്‍ പരാഗണം നടത്തുന്നു.
ഭോഗനദിയില്‍ മുങ്ങിയവന്‍റെ ഏറ്റുപറച്ചിലില്‍
അവളുടെ ഹൃദയം കുമ്പസാരക്കൂടാവുന്നു.
കൂട് നഷ്ട്ടപ്പെട്ട കിളിക്ക്
അഭയം നല്‍കി ഭോഗിക്കുന്ന
പുരോഹിതന്‍മാര്‍ക്കിടയില്‍
അവള്‍ പുരോഹിതയാകുന്നു.
ദേവാലയം തുറന്ന്
അവള്‍ കുര്‍ബാന അര്‍പ്പിക്കുന്നു,
വീഞ്ഞ് പകര്‍ന്ന്,
പ്രേമത്തിന്‍റെ ബലിയില്‍ പങ്കുചേരുന്നു.
മറയില്ലാത്ത കുമ്പസാരക്കൂട്ടില്‍
പാപങ്ങള്‍ തീര്‍ത്ത നഖക്ഷതങ്ങളില്‍
അവള്‍ ഊതുമ്പോള്‍ സ്വര്‍ഗത്തിലെ
മണികള്‍ മുഴങ്ങുന്നു.
അവളുടെ ശിക്ഷകളില്‍ നക്ഷത്രങ്ങള്‍ ജ്വലിക്കുന്നു.
അവള്‍ മഴയുടെ അവസാനതുള്ളിയിലും പുഞ്ചിരി വിതറുന്നു
അവളുടെ മാറിലെ വെണ്‍പ്രാവുകള്‍ക്ക്
അവന്‍ കൂടൊരുക്കി കാത്തിരിക്കുന്നു.
നിണം പൊടിഞ്ഞ ചുണ്ടുകളില്‍ 
അവള്‍ പ്രേമത്തിന്‍റെ കോവില്‍ തുറക്കുന്നു.
അവളുടെ നഗ്നതയെ വിറ്റവനെ 
കാലം കലാകാരനെന്ന്‍ വാഴ്ത്തുന്നു,
അവളെ പൂജിച്ചവര്‍ പൂജാരികളും
അവളെ ധ്യാനിച്ചവര്‍ പുരോഹിതന്‍മാരുമാവുന്നു.
അവളോ?
കാമനരകളിലകപ്പെട്ട്
സ്വപ്നം പൊഴിക്കുന്ന
മിഴികളില്‍
വേനല്‍ പൂത്ത്,
മരുഭൂമി
തട്ടമിട്ട് വളര്‍ത്തിയ
തടവറയില്‍
സ്വര്‍ണ്ണമത്സ്യമായ്
മണലിനെ 
ചുംബിച്ചു കിടക്കുന്നു.
ഭ്രാന്തമായ് ചുറ്റിപ്പിണയുന്ന
കാറ്റുപോലെ കാമവും .
.................................................................
തെരുവിലെ മദ്യഷാപ്പിന് മുന്നില്‍
അയാള്‍ കൈ നീട്ടുന്നു
സ്വര്‍ഗത്തില്‍ നിന്നും 
വാക്കുകള്‍ പറിച്ച് 
അയാള്‍ക്ക് കൊടുക്കരുത്
അയാള്‍ ആഗ്രഹിക്കുന്നത്
ഒരു തുള്ളി മദ്യം മാത്രം.

Thursday, 20 March 2014

കൊതുക്


അവസാനത്തെ
തുള്ളി രക്തവുമായ്
മൂളി വരുന്ന
കൊതുകിനെ
കൊല്ലരുത്
അതും
ഒരു
പ്രേമഗീതം
പാടുന്നുണ്ട്.

Saturday, 11 January 2014

പ്രണയമുഖം



കൈവെള്ളകളില്‍ തണുപ്പില്ല,മൃദുലവുമല്ല
സ്പന്ദിക്കുന്ന തഴമ്പുകളുണ്ട്.
ബലിഷ്ഠമല്ല ആകാരം
വിയര്‍പ്പ് അണപൊട്ടിയൊഴുകിയിട്ടുണ്ട്.
പാദങ്ങള്‍ പൊട്ടിയിട്ടുണ്ട്
പാദരക്ഷയല്ല-
അന്നമായിരുന്നു രക്ഷ.
കണ്ണുകളില്‍
നീ കണ്‍തുറന്ന് നോക്കിയാല്‍
ഇരമ്പുന്ന കടല്‍ കാണാം,
വിസ്ഫോടനങ്ങളുടെ കടല്‍.
വസന്തമായിരുന്നില്ല,
ഹൃദയത്തില്‍
മരുഭൂമിയെഴുതിയ
ഗ്രീഷ്മമായിരുന്നു
ജീവിതം.
അറിയുക,
എന്‍റെ പക്ഷികള്‍
കൂട് കൂട്ടിയിരുന്നത്
ഉണങ്ങിയ മരങ്ങളിലായിരുന്നു
ചേക്കേറിയതും അതില്‍ തന്നെ.
കത്തുന്ന അതിജീവനത്തിന്‍റെ
പെരുംമഴ 
നനയുന്നവനാണ് ഞാന്‍,
വരുമെങ്കില്‍ 
നിനക്കും ആ മഴ നനയാം
അത് മാത്രമാണ്
നിനക്ക് സ്വന്തം.
...................
........
..........
....
ഇനി വരുന്ന
പ്രഭാതത്തില്‍
ആദ്യമായ്
കണ്‍തുറക്കുന്ന
പക്ഷിക്കുഞ്ഞുങ്ങളെപ്പോലെ
മിഴികള്‍ തുറക്കാം
അത് മാത്രമാണ്
പ്രണയത്തിന് സ്വന്തം.

Friday, 13 December 2013

കവിയുടെ കുപ്പായം.


പോയകാലത്തില്‍
കവി
ഊരിയിട്ട
കുപ്പായമുണ്ടിവിടെ
ഒരുപക്ഷെ
ചോരക്കറയുണ്ടാവാം,
വിശപ്പിന്‍റെ ഗന്ധമുണ്ടാവാം,
ഓര്‍മ്മകളുടെ
പ്രവാസതീരത്ത്
മനുഷ്യര്‍
ചാര്‍ത്തികൊടുത്ത
മുള്‍കിരീടമുണ്ടാവാം,
ഇനിയും
പിച്ചവെയ്ക്കാത്ത
കുഞ്ഞുപുഞ്ചിരിയുണ്ടാവാം,
കീശയില്‍
മുഷിഞ്ഞ്‌പഴകിയ
സ്വപ്നങ്ങളുണ്ടാവാം,
വാക്കുകളുടെ
വിജനതയില്‍
അലഞ്ഞ
കാല്‍പ്പാദങ്ങളുണ്ടാവാം,
എന്നാല്‍
പിഞ്ചിപ്പോയ കുപ്പായത്തിന്റെ
മങ്ങിയ നിറങ്ങളില്‍
കാണാം
ഗതകാല
ജീവിതത്തിന്‍റെ
കലഹിച്ച മുറിവുകള്‍,
ഇന്നോ?
ചിത
പറപ്പിക്കുന്ന
പട്ടമായ്
കുപ്പായം
ആകാശത്ത്
വട്ടമിട്ട് പറക്കുന്നു.

Tuesday, 12 November 2013

ജയില്‍


ജയില്‍
 പ്രവാസമാണ്.

ഓര്‍മ്മകള്‍ ഇണചേരുന്ന
കറുത്ത അഴികള്‍കൊണ്ട്
വര്‍ഷങ്ങളുടെ മൌനമെഴുതുന്ന
പ്രവാസം.

സ്വന്തം ചോരയുടെ
മണമറിഞ്ഞ്
ഛര്‍ദിക്കുന്ന
പ്രവാസം.


ചുമരുകള്‍
ഗുരുവും
അറകള്‍
പാഠങ്ങളുമാകുന്ന
പ്രവാസം.

ഏകാകികളുടെ
ദ്വീപിലെ
മിന്നലാവുന്ന
പ്രവാസം.

പരാജിതന്‍റെ
കോവിലില്‍
അസ്ഥികള്‍
ദീപം തെളിയിക്കുന്ന
പ്രവാസം.

ഇരതേടിയ
കണ്ണുകള്‍
ആരാച്ചാരുടെ
ഇരയും
കയറിന്‍റെ
ചുംബനവുമാകുന്ന
പ്രവാസം

അബോധത്തിന്‍റെ
ഇരുളറകളിലേക്ക്
ബോധിമരത്തിന്‍റെ
പച്ചിലകള്‍
ചിറകടിച്ചുയരുന്ന
പ്രവാസം.

അച്ഛന്‍
മകളെ 
തിരിച്ചറിയുന്ന
പ്രവാസം.

Tuesday, 5 November 2013

എലി


പഠിപ്പിച്ച
കാലങ്ങളിലൊക്കെയും
പാഠപുസ്തകത്തിലെ
ഇരയായിരുന്നു
എലി
മറുകാലത്ത്
കെണിയിലെയും.
ജീവിക്കാന്‍ വേണ്ടി
പ്രാണന്‍
പകുത്ത് നല്‍കുന്ന
ഏകജന്മം.
ജനനംതൊട്ട്
മരണംവരെ
ഒളിവില്‍ കഴിയേണ്ട
ഒരേ ഒരു
കമ്മ്യൂണിസ്റ്റ്‌.
അന്നും
ഇന്നും
വിപ്ലവം
ഒരു നേരത്തെ
അന്നത്തിന് വേണ്ടി.
പ്രത്യയശാസ്ത്രത്തിന്‍റെ
ചുവന്നവരികളില്‍,
രക്തസാക്ഷികളുടെ
പേരുകളില്‍,
ഓര്‍മ്മകളുടെ
സ്മൃതിമണ്ഡപങ്ങളില്‍
എലിയുടെ
ചരിത്രമില്ല
പകരം
അടിച്ചും
എറിഞ്ഞും
ശ്വാസം മുട്ടിച്ചും
കൊല്ലുമ്പോള്‍
പ്രാണന്‍റെ
പിടച്ചിലുകളിലുണ്ട്
ആരും
കേള്‍ക്കാതെപോകുന്ന
സമരത്തിന്‍റെ
മുദ്രാവാക്യങ്ങള്‍.

Tuesday, 22 October 2013

പ്രകാശം പരത്തുന്ന പ്രണയം.....


മുമ്പൊരിക്കല്‍ 
എങ്ങനെയോ
പ്രകാശം
എന്‍റെ പിറകിലായി,
നിഴലുകള്‍ 
എന്‍റെ മുന്‍പിലും.
അങ്ങനെ ഞാന്‍ ചെയ്യുന്നതൊക്കെ
എന്‍റെ നിഴലുകളും
ചെയ്യുന്നത് കണ്ടു.
പ്രണയം,
നാട്യം,
കാമം,
മദ്യം
വേഷപ്പകര്‍ച്ചകള്‍,
എല്ലാം.
അങ്ങനെ 
ഏകനായ ഞാനും
എന്‍റെ മുന്നില്‍
ആയിരം
നിഴലുകളുമായ്
സമയങ്ങള്‍ സഞ്ചരിച്ചു.
എന്നാല്‍
ഒരു ഭ്രമണം പൂര്‍ത്തിയായപ്പോള്‍
വീണ്ടും പ്രകാശം
മുമ്പിലായ്
അപ്പോള്‍
എന്‍റെ കണ്ണിന്‍റെ
കാഴ്ച്ചശക്തി നഷ്ടപ്പെട്ടു
ഒരു സംവത്സരംകൊണ്ട്
കേള്‍വി,
ഗന്ധം,
ഓര്‍മ്മ,
ചലനം
എല്ലാം
എന്നെ വിട്ടുപോയി.
പകരം സന്ധ്യകളില്‍
മിന്നാമിനുങ്ങുകള്‍
ചേക്കേറുന്ന
ഒരു മരവും
പകലില്‍
ചിതലരിക്കുന്ന
ഒരു മണ്‍പുറ്റുമായ്
ഞാന്‍ മാറി
കാരണം
എന്‍റെ ഹൃദയത്തിന്‍റെ
ഉടമ
മറ്റാരോ ആയിരുന്നു.
തിരകളുടെ ശക്തികൊണ്ടും
പാര്‍വണങ്ങളുടെ പ്രഭകൊണ്ടും
ആത്മാവില്‍
ഉറവതീര്‍ത്ത്
മണ്‍ശിലയില്‍
പ്രണയത്തിന്‍റെ
നുറുങ്ങുപ്രകാശം
കടത്തിവിട്ട
മറ്റൊരുവള്‍.
ഹൃദയത്തിന്‍റെ
ചുവന്ന 
പാടങ്ങളില്‍
സ്പന്ദനങ്ങളുടെ
കാവല്‍ക്കാരിയായ
ഉടമ.