നിന്നെ കല്ലെറിയാന്‍ കൂടിയവരില്‍ ഒരാളും
നിന്‍റെ പ്രണയം കുടിച്ചവരില്‍ മറ്റൊരാളുമാണ് ഞാന്‍.
നീ ബൈബിളിലെ മഗ്ദലനയല്ല
ഭൂമിയില്‍ ഇന്നും റാന്തല്‍
കൊളുത്തിവെക്കുന്ന പെണ്‍കുട്ടി.
ആളുകള്‍ക്ക് നീ അഭിസാരികയാണ്
എന്നാലും,
എന്‍റെ ഇളം കണ്ണുകള്‍ക്ക് കടലിന്‍റെ
നീലിമയുണ്ടെന്ന് പറഞ്ഞവള്‍,
അവളില്‍ മോക്ഷം തേടിവരുന്നവര്‍
ഗംഗയില്‍ പോയതായ് അറിവില്ല.
അവള്‍ സ്വപ്നങ്ങളെ വ്യാഖ്യാനിക്കുന്നു
അവള്‍ മരുഭൂമിയിലെ ഉറവകളില്‍
പ്രേമത്തെ വളര്‍ത്തുന്നു,
ദര്‍പ്പണങ്ങളില്‍ നീന്തുന്ന
സ്വര്‍ണ്ണമത്സ്യങ്ങള്‍ക്ക് മുക്കുവന്‍റെ
വല കാണിച്ചുകൊടുക്കുന്നു.
വേട്ടയാടപ്പെട്ട മൃഗത്തിന്‍റെ
മുരളല്‍പോലെ അവളുടെ വാക്കുകള്‍
ഭൂമിയില്‍ പരാഗണം നടത്തുന്നു.
ഭോഗനദിയില്‍ മുങ്ങിയവന്‍റെ ഏറ്റുപറച്ചിലില്‍
അവളുടെ ഹൃദയം കുമ്പസാരക്കൂടാവുന്നു.
കൂട് നഷ്ട്ടപ്പെട്ട കിളിക്ക്
അഭയം നല്‍കി ഭോഗിക്കുന്ന
പുരോഹിതന്‍മാര്‍ക്കിടയില്‍
അവള്‍ പുരോഹിതയാകുന്നു.
ദേവാലയം തുറന്ന്
അവള്‍ കുര്‍ബാന അര്‍പ്പിക്കുന്നു,
വീഞ്ഞ് പകര്‍ന്ന്,
പ്രേമത്തിന്‍റെ ബലിയില്‍ പങ്കുചേരുന്നു.
മറയില്ലാത്ത കുമ്പസാരക്കൂട്ടില്‍
പാപങ്ങള്‍ തീര്‍ത്ത നഖക്ഷതങ്ങളില്‍
അവള്‍ ഊതുമ്പോള്‍ സ്വര്‍ഗത്തിലെ
മണികള്‍ മുഴങ്ങുന്നു.
അവളുടെ ശിക്ഷകളില്‍ നക്ഷത്രങ്ങള്‍ ജ്വലിക്കുന്നു.
അവള്‍ മഴയുടെ അവസാനതുള്ളിയിലും പുഞ്ചിരി വിതറുന്നു
അവളുടെ മാറിലെ വെണ്‍പ്രാവുകള്‍ക്ക്
അവന്‍ കൂടൊരുക്കി കാത്തിരിക്കുന്നു.
നിണം പൊടിഞ്ഞ ചുണ്ടുകളില്‍
അവള്‍ പ്രേമത്തിന്‍റെ കോവില്‍ തുറക്കുന്നു.
അവളുടെ നഗ്നതയെ വിറ്റവനെ
കാലം കലാകാരനെന്ന്‍ വാഴ്ത്തുന്നു,
അവളെ പൂജിച്ചവര്‍ പൂജാരികളും
അവളെ ധ്യാനിച്ചവര്‍ പുരോഹിതന്‍മാരുമാവുന്നു.
അവളോ?
കാമനരകളിലകപ്പെട്ട്
സ്വപ്നം പൊഴിക്കുന്ന
മിഴികളില്‍
വേനല്‍ പൂത്ത്,
മരുഭൂമി
തട്ടമിട്ട് വളര്‍ത്തിയ
തടവറയില്‍
സ്വര്‍ണ്ണമത്സ്യമായ്
മണലിനെ
ചുംബിച്ചു കിടക്കുന്നു.
ഭ്രാന്തമായ് ചുറ്റിപ്പിണയുന്ന
കാറ്റുപോലെ കാമവും .
.................................................................
തെരുവിലെ മദ്യഷാപ്പിന് മുന്നില്‍
അയാള്‍ കൈ നീട്ടുന്നു
സ്വര്‍ഗത്തില്‍ നിന്നും
വാക്കുകള്‍ പറിച്ച്
അയാള്‍ക്ക് കൊടുക്കരുത്
അയാള്‍ ആഗ്രഹിക്കുന്നത്
ഒരു തുള്ളി മദ്യം മാത്രം.
വായിച്ചു
ReplyDeleteആരെപ്പറ്റിയെന്ന് മനസ്സിലായില്ല
വായിച്ചതിന് നന്ദി,,ഇത് എന്‍റെ (സമൂഹത്തിന്‍റെ)ദ്വന്ദമുഖം ചെറിയ രീതിയില്‍ തുറന്ന് കാണിക്കാന്‍ ശ്രമിച്ചിരിക്കുന്നു.ഒരേ സമയം എന്‍റെ പ്രണയവും എന്‍റെ കാമവും എന്താണ് എന്നുള്ള ഒരു ചോദ്യം,അതിനുള്ള ഉത്തരം എല്ലാം ഇതില്‍ ഉണ്ട് എന്ന് വിശ്വസിക്കുന്നു.എല്ലാറ്റിലും ഉപരി കവിത വായിക്കുമ്പോള്‍ വായനക്കാരന്‍റെ മനസില്‍ രൂപപ്പെടുന്ന ആശയവും,സംവദിക്കുന്ന അര്‍ത്ഥതലങ്ങളുമാണ് പ്രധാനം.......
Delete