ആദ്യം
പന്ത്രണ്ട് വര്‍ഷമായിരുന്നു
വെട്ടുകത്തിക്ക് മൂര്‍ച്ചകൂട്ടി കാത്തിരുന്നത്.
പുരോ-ഗമനം വന്നതോടെ
ആറായി
മൂന്നായ്
ഒന്നായ്
ഒന്‍പതു മാസമാകുന്നതിനും മുന്‍പേ
കത്തിവെക്കുമ്പോള്‍
റബര്‍തൈ
ഋതുവറിയാതെ ചുരത്തുന്നു.
രാത്രികളില്‍
വെളുത്ത ബലൂണുകള്‍
കോമരം തുള്ളുമ്പോഴും
പൊട്ടുമ്പോഴും
ഇരുട്ട് വിഴുങ്ങിയ
ചോരകളില്‍
സഹോദരന്റെ മണവും,
ബീജങ്ങളില്‍
പിതൃത്വത്തിന്റെ പുളിയും.
ആധുനികത വന്നതോടെ
പരസ്പരം കത്തികള്‍
കൈമാറി വെട്ടുന്നു.
വെട്ടുന്നതിനിടയില്‍ കത്തിക്ക്
ഒടിവോ,ചതവോ സംഭവിച്ചാല്‍
ഉത്തരാധുനികതയുടെ മരുന്നും
വിപണിയില്‍ ഉണ്ട്.
ഇനിയും ആഗതമാകാത്ത
പുലരിയും കാത്ത്
ആയിരം തൈകള്‍ക്കിടയില്‍ നിന്ന്
ഒരു റബര്‍തൈ
അറിവില്ലാതെ ചോദിച്ചു!
പുലര്‍മഞ്ഞിനെ പ്രണയിച്ച്
ഋതുവാകുന്ന ദിനത്തില്‍
നിന്റെ കത്തിക്കായ്
കാത്തുനില്‍ക്കുന്ന
എന്റെ ദിവസങ്ങളെവിടെ???
.........................................
.........................................